സ്കൂളുകളും കോളേജുകളും
ഒരുകാലത്ത് കേരളത്തിലാകമാനം കളരികള്ക്കായിരുന്നു പ്രാധാന്യം. കളരികളില്‍ ഗുരുക്കന്മാരുടെ സഹായത്തോടെ ആയുധപരിശീലനം ആയിരുന്നു നടന്നിരുന്നത്. പരിശീലനം നല്കാന് പേരുകേട്ട ഗുരുക്കന്മാരുമുണ്ടായിരുന്നു. പ്രശ്നങ്ങളോ, തര്‍ക്കങ്ങളോ ഉണ്ടാകുമ്പോള്‍ അങ്കംവെട്ടി തീര്‍പ്പ് കല്പിക്കുന്ന സാമൂഹ്യവ്യവസ്ഥിതിയായിരുന്നു നിലനിന്നിരുന്നത്. ആയുധപരിശീലനം ലഭിച്ചവരാണ് രാജാക്കന്മാരെ യുദ്ധത്തില്‍ സഹായിച്ചിരുന്നത്. നായന്മാരായിരുന്നു കൂടുതലും പടയാളികള്‍. തലയില്‍ കടുമകെട്ടി, വാളും പരിചയുമായി നടക്കുന്ന ഇവരെ മറ്റുള്ളവര്‍ ആദരവോടുകൂടിയാണ് കണ്ടിരുന്നത്. എന്നാല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം, പുതിയ അധികാരകേന്ദ്രങ്ങളുടെ വരവ്, ഭരണരീതി, യുദ്ധത്തിന് നായര്പടയാളികളെ ആവശ്യമില്ലായ്മ തുടങ്ങിയവ ജീവിതരീതിയിലും മാറ്റംവരുത്തി. വാളും പരിചയും ആവശ്യമില്ലെന്ന് വന്നപ്പോള്‍ അവ വലിച്ചെറിഞ്ഞ് കലപ്പയേന്തി കാര്‍ഷികരംഗത്ത് മേല്‍നോട്ടം വഹിക്കാനും, അപേക്ഷകളുമായി സര്‍ക്കാര്‍ ജോലിക്കുവേണ്ടി കച്ചേരികള്‍ കയറി ഇറങ്ങാനും തുടങ്ങി. കമ്പനിഭരണം കേരളത്തിലെങ്ങും ഇംഗ്ലീഷ് പഠനത്തിലേക്ക് യുവാക്കളെ ആകര്‍ഷിച്ചു.
മതപരമായ ചടങ്ങുകള്‍ക്കും, പുരാണകൃതികള്‍ വായിക്കുന്നതിനും വേണ്ടി എഴുത്തും വായനയും ആയിരുന്നു യൂറോപ്യന്മാര് വരുന്നതിനുമുമ്പ് കേരളത്തില്‍ ഉണ്ടായിരുന്നത്. വൈദ്യം, ജോത്സ്യം എന്നിവയ്ക്കായിരുന്നു അന്നത്തെ വിദ്യാഭ്യാസം. പരിമിതമായ ആളുകള്‍ക്കേ അന്ന് വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളൂ. പനയോലയില്‍ നാരായം കൊണ്ടാണ് അന്ന് എഴുതിയിരുന്നത്. കടലാസ് ഇല്ലാത്ത കാലമായിരുന്നു അത്. "ആശാന്"മാര്‍ ആയിരുന്നു അക്ഷരം പഠിപ്പിച്ചിരുന്നത്. എന്നാല്‍ ക്രിസ്ത്യന്‍ മിഷണറിമാരുടെ വരവും, അവര്‍ സ്ഥാപിച്ച സ്കൂളുകളും ഇംഗ്ലീഷ് പഠനവും കേരളത്തിന്റെ പാരമ്പര്യ വിദ്യാഭ്യാസ മേഖലയെ പരിവര്‍ത്തനത്തിലേക്കു നയിച്ചു. പുതിയതായി ഉയര്‍ന്നുവന്ന മലബാറിലെ എസ്റ്റേറ്റുകള്‍, ഇംഗ്ലീഷുകാര്‍ നടത്തിയ സ്ഥാപനങ്ങള്‍, കച്ചേരികള്‍ തുടങ്ങിയവയിലും രാജകീയ സര്‍വീസിലും ഇംഗ്ലീഷ് ഭാഷ ആവശ്യമായി വന്നു. ഇതാണ് അത് പഠിക്കാന്‍ കൂടുതല്‍ ആളുകള്‍ താല്പര്യം കാട്ടിയത്. തെക്കന്‍ തിരുവിതാംകൂറില്‍ ലണ്ടന്‍ മിഷന് സൊസൈറ്റി, കോട്ടയം കേന്ദ്രമാക്കി ചര്‍ച്ച് മിഷന് സൊസൈറ്റി (സി.എം.എസ്), മലബാറില്‍ ബാസല്‍മിഷന്‍ തുടങ്ങിയ ക്രിസ്ത്യന്‍ മിഷണറി സംഘടനകളുടെ പ്രവര്‍ത്തനം ആണ് കേരളത്തിലാകമാനം പുതിയ വിദ്യാഭ്യാസത്തിന് ശക്തിപകര്‍ന്നത്.
തിരുവിതാംകൂറിലെ നാഗര്‍കോവിലില്‍ 1808നും 1816നും ഇടയ്ക്ക് ഡബ്ല്യു.ടി. റിന്ഗിള്ടാബ് എന്ന പ്രഷ്യന്‍ മിഷണറിയാണ് വിദ്യാഭ്യാസരംഗത്ത് ആദ്യസംരംഭം തുടങ്ങിയത്. പിന്നീട് അദ്ദേഹം മറ്റ് ചില സ്ഥലങ്ങളിലും സ്കൂളുകള്‍ തുടങ്ങി. എല്‍.എം.എസ്.ലെ റവറന്റ് മീഡ് വിദ്യാഭ്യാസരംഗത്ത് നടത്തിയ സേവനം (1817-1873) ശ്ളാഘനീയമാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് മിസ്സിസ് മീഡും പ്രവര്‍ത്തിച്ചു. കോട്ടയം കേന്ദ്രമായി സി.എം.എസ്. മിഷണറിമാരായ ബഞ്ചമിന് ബെയലി (Benjamin Bailey), ബേക്കര്‍, ഫെന്‍ എന്നിവരും ആലപ്പുഴ കേന്ദ്രീകരിച്ച് നോര്ട്ടിനും വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സി.എം.എസിന്റെ ആഭിമുഖ്യത്തില്‍ സുറിയാനി വൈദികരുടെ വിദ്യാഭ്യാസത്തിനുവേണ്ടി സെമിനാരി (പിന്നീട് കോളേജ്) സ്ഥാപിച്ചു. ഇതിന്റെ പ്രിന്‍സിപ്പാളായി ബെയലി (Benjamin Bailey)ചാര്‍ജ് എടുത്തു. ബെയ്ലിയാണ് ആദ്യമായി മലയാളത്തില്‍ പ്രസ് രൂപകല്പന ചെയ്ത് അച്ചടി ആരംഭിച്ചത്. ആലപ്പുഴയില്‍ നോര്ട്ടിന് സ്കൂള്‍ സ്ഥാപിച്ചു. കേണല്‍ മണ്‍റോ അക്കാലത്ത് തിരുവിതാംകൂര്‍ റസിഡന്റും ദിവാനുമായിരുന്നു. അദ്ദേഹത്തിന്റെ ശുപാര്‍ശ പ്രകാരം കോട്ടയം സെമിനാരിക്ക് സര്‍ക്കാര്‍ ആവശ്യമായ സ്ഥലവും ഗ്രാന്റും നല്കി. സര്‍ക്കാരിന്റെ ഗ്രാന്റ് ഉപയോഗിച്ച് വാങ്ങിയ സ്ഥലമാണ് "മണ്‍റോ തുരുത്ത്".
തിരുവിതാംകൂറില്‍ ഇംഗ്ലീഷ് പഠനത്തിനും, ഭാഷാപഠനത്തിനും തുടക്കം കുറിച്ചത് സ്വാതി തിരുനാളിന്റെ ഇളയമ്മ റാണി ഗൗരി പാര്‍വ്വതിഭായിയാണ്. കുട്ടികളെ പഠിപ്പിക്കാന്‍ വാധ്യാന്മാരെ (അധ്യാപകരെ) നിയമിക്കാന്‍ തഹസീല്‍ദാര്‍മാര്‍ക്ക് ഉത്തരവ് ആദ്യം നല്‍കിയത് അവരാണ് (മലയാളവര്‍ഷം 922 ഇടവം 19, ഇംഗ്ലീഷ് വര്‍ഷം 1816). പട്ടാളക്കാരുടെ കുട്ടികളെ ഇംഗ്ലീഷും തമിഴും പഠിപ്പിക്കാന്‍, അവരുടെ ശമ്പളത്തില്‍ നിന്നും തുക പിടിച്ച് അധ്യാപകരെ നിയമിക്കാനും ഇവര്‍ നേരത്തേ നടപടി സ്വീകരിച്ചിരുന്നു. 1821ല്‍ തിരുവനന്തപുരത്ത് "ഡേവിഡ്" എന്ന പേരില്‍ ഒരു ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചു. ഇത് പിന്നീട് നിന്നുപോയി. സ്വാതി തിരുനാള്‍ മഹാരാജാവ് (182946) അധികാരമേറ്റതോടെ തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ഇംഗ്ലീഷ് സ്കൂളിന് ആലോചന തുടങ്ങി. നാഗര്‍കോവില്‍ സെമിനാരി സന്ദര്‍ശിച്ച അദ്ദേഹം, അവിടത്തെ അധ്യാപകന് ജോണ്‍ റോബര്‍ട്ടിനെ ക്ഷണിച്ച് തിരുവനന്തപുരത്ത് കൊണ്ടുവന്ന് ഒരു വിദ്യാലയം 1835ല്‍ തുടങ്ങി. 1836ല്‍ ഈ സ്കൂള്‍ ഏറ്റെടുത്ത് "രാജാസ് ഫ്രീ സ്കൂള്‍" ആക്കി. റോബര്‍ട്ട് ഇതിന്റെ ഹെഡ്മാസ്റ്ററായി. തെക്കേ ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂളായിരുന്നു ഇത്. പിന്നീട് തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിലും ഇംഗ്ലീഷ് സ്കൂളുകളും, ഭാഷാസ്കൂളുകളും ഉണ്ടായി. ഈ സ്കൂള്‍ വളര്‍ന്നാണ് പിന്നീട് മഹാരാജാസ് കോളേജ് (യൂണിവേഴ്സിറ്റി കോളേജ്) ആയി മാറിയത്. മദ്രാസ് സര്‍വ്വകലാശാല നിലവില്‍ വന്നപ്പോള്‍ മഹാരാജാസ് കോളേജും, കോട്ടയം സി.എം.എസ്. കോളേജും അതിലേക്ക് അഫിലിയേറ്റ് ചെയ്തു. ഇതോടെ ഡിഗ്രി പരീക്ഷ ഇവിടെ എഴുതാന്‍ കഴിയാമെന്നായി. 1870ല്‍ മഹാരാജാസ് കോളേജില്‍ പഠിച്ച വി. നാഗമ്മയ്യ ആദ്യമായി ബി.എ. പരീക്ഷ പാസായി.
1818ല്‍ റവ. ജെ. ഡൗസണ്‍ ആണ് കൊച്ചിയില്‍ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം തുറന്നത്. സര്‍ക്കാരില്‍ നിന്നും ഇതിന് സഹായം ലഭിച്ചു. എന്നാല്‍ ഈ സ്കൂള്‍ അധികകാലം മുന്നോട്ടുപോയില്ല. പിന്നീട് റസിഡന്റ് കാസാമേജര് 1835ല്‍ ഹിബ്രുവും മലയാളവും ഇംഗ്ലീഷും പഠിപ്പിക്കാന്‍ സ്കൂള്‍ തുടങ്ങി. പിന്നീട് തൃശൂരിലും, തൃപ്പൂണിത്തുറയിലും സ്കൂളുകള്‍ തുറന്നു. 1868ല്‍ മെട്രിക്കുലേഷന്‍ പരീക്ഷയ്ക്ക് കൊച്ചിയില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. 1875 കൊച്ചിയ്ക്ക് രണ്ടാം ഗ്രേഡ് കോളേജ് ലഭിച്ചു. 1815ല്‍ സ്വിറ്റ്സര്‍ലണ്ടില്‍ രൂപീകൃതമായ ബാസല്‍ എന്ന സംഘടന പിന്നീട് മലബാറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു ആദ്യപ്രവര്‍ത്തനം. ബാസല്‍മിഷന്റെ പ്രവര്‍ത്തകനായ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തലശ്ശേരിയിലെ നെട്ടൂരിലെത്തി ഒരു വിദ്യാലയം സ്ഥാപിച്ചു. 1848ല്‍ മിഷന് കോഴിക്കോട് കല്ലായിയില്‍ സ്കൂള്‍ സ്ഥാപിച്ചു. പില്ക്കാലത്ത് ഇത് ഹൈസ്കൂളായും മലബാര്‍ ക്രിസ്ത്യന്‍ കോളേജായും മാറി.